ചിത്രത്തില്‍ ഞെക്കിയാല്‍ സര്‍ക്കാര്‍ പ്രസിദ്ധീകരണമായ ജനപഥം ഡൌണ്‍ലോഡ് ചെയ്യാം.
ശ്രീ ചന്ദ്രകുമാറിനെ ഞാന്‍ പരിചയപ്പെടുന്നത് സ്കൈപ്പ് ചാറ്റിലൂടെയാണ്. സ്കൈപ്പിലെ ലാന്‍ഡ് ലൈന്‍ നമ്പറാണ് അദ്ദേത്തെ ബന്ധപ്പെടുവാന്‍ എന്നെ സഹായിച്ചത്. അതിന് ശേഷമാണ് അദ്ദേഹം ബ്ലോഗ് തുടങ്ങുന്നത്. ബ്ലോഗറില്‍ അദ്ദേഹം വരുന്ന സമയത്ത് 99% ബ്ലോഗെഴുത്തുകാരും യുവാക്കളായിരുന്നു. അതിനാലാണ് അങ്കിള്‍ എന്ന് സ്വയം അദ്ദേഹത്തെ ബൂലോഗത്തിന് പരിചയപ്പെടുത്തിയത്. ഞാനുമായി പരിചയപ്പെട്ടശേഷം ബ്ലോഗുകളെപ്പറ്റിയുള്ള സംശയങ്ങള്‍ ജീമെയില്‍ ചാറ്റിലൂടെ ആവര്‍ത്തിക്കുകയും ഞാനൊരു ഐ.ടി പ്രൊഫഷണല്‍ അല്ല എന്ന് ബോധ്യപ്പെടുത്തുവാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തു. ആദ്യമായി നേരില്‍ കാണുന്നത് റയില്‍വ്വേസ്റ്റേഷനില്‍ വിശ്വപ്രഭയേയും കൂട്ടരേയും സ്വീകരിക്കാന്‍ എത്തിയപ്പോഴാണ്.വിശ്വപ്രഭയുടെ ശ്രമഫലമായി അങ്കിളിന്റെ വീട്ടില്‍ എട്ട് മലയാളസ്നേഹികളിടെ (വിശ്വം, ഹുസൈന്‍, ഫാര്‍മര്‍, അങ്കിള്‍, കെവിന്‍, പ്രതീഷ്, അനിവര്‍, ആദര്‍ശ് എന്നവര്‍) ആദ്യമായി തിരുവനന്തപുരത്ത് ഒരു ഒത്തുചേരലിന് അവസരമൊരുക്കുകയും പകര്‍ത്തിയ ചിത്രങ്ങളില്‍ ആദ്യ ഏഴ് എണ്ണം അങ്കിള്‍ പിക്കാസയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ബാക്കി ചിത്രങ്ങള്‍ വി.കെ ആദര്‍ശിന് അവാര്‍ഡ് കിട്ടിയപ്പോള്‍ എടുത്തതാണ്. രാത്രി ഭക്ഷണം അങ്കിളിന്റെ ഭാര്യ ചുട്ടുതന്ന ചൂട് ദോശതിന്നുകൊണ്ടായിരുന്നു. തദവസരത്തിലാണ് അങ്കിള്‍ 1986 ല്‍ കമ്പ്യൂട്ടറില്‍ മലയാളം എത്തിച്ചതായുള്ള വാര്‍ത്ത മാതൃഭൂമിയില്‍ വന്നത് കാണിച്ചതും സ്കാന്‍ ചെയ്തയക്കുവാന്‍ എന്നെ എല്‍പ്പിച്ചതും. രചന ഫോണ്ടിന്റെ നിര്‍മ്മാതാവ് ഹുസൈന്‍ അഞ്ജലിഓള്‍ഡ്ലിപി എന്ന പ്രസിദ്ധിയാര്‍ജിച്ച ഫോണ്ട് നിര്‍മ്മാതാവ് കെവിന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അങ്കിള്‍ 1986 ലെ മാതൃഭൂമി പത്രം കാണിച്ചുതന്നത്. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിക്കിയില്‍ ചേര്‍ക്കാമെന്നിരിക്കെ ചേര്‍ത്തത് ഞാനായതുകൊണ്ട് നിഷേധിക്കപ്പെട്ടു. സ്കാന്‍ ചെയ്ത മാതൃഭൂമി വാര്‍ത്ത സിബു ജോണിയ്ക്കും അങ്കിളിനും അയച്ചത് അങ്കിളിന് കിട്ടാതെ വന്നു. അതാണ് സിബു വരമൊഴിയുടെ ചരിത്രം എന്ന ആംഗലേയപോസ്റ്റില്‍ നിന്ന് എന്റെ പോസ്റ്റിലേക്ക് പേജിന്റെ താഴെഅറ്റത്ത് [3] എന്ന നമ്പരില്‍ കൊടുത്തിരിക്കുന്നത്. വിശ്വവും, കെവിനും, അനിവറും അങ്കിളിന്റെ വീട്ടില്‍ തങ്ങിയശേഷം അടുത്തദിവസം അങ്കിളിന്റെ കാറില്‍ എന്റെ വീട്ടില്‍ അവരെയും കൂട്ടി വന്നശേഷമാണ് തിരികെ പോയത്. അന്നാണ് ഞാന്‍ അനിവറിനെ പരിചയപ്പെടുന്നതും ഗ്നു-ലിനക്സിലേയ്ക്ക് കടക്കുവാന്‍ കാരണമാകുന്നതും.
തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ തുടക്കംമുതലുള്ള സജീവ സാന്നിധ്യമായിരുന്നു അങ്കിള്‍. 2007 നവംബര്‍ പത്തിനാണ് ആദ്യമായി തിരുവനന്തപുരത്ത് മലയാളം ബ്ലോഗര്‍മാര്‍ ഒത്തുചേര്‍ന്നത്. അന്നേദിവസത്തെ ആഹാരമുള്‍പ്പെടെ ചെലവ് വഹിച്ചതും അങ്കിളിന്റെ വീട്ടില്‍ത്തന്നെ സൌകര്യമൊരുക്കിയതും എല്ലാം അങ്കിളിന്റെ മഹത്വം. ക്യാമറയുമായി വന്ന് ചിത്രങ്ങള്‍ പകര്‍ത്തിയത് സന്തോഷ് ജനാര്‍ദ്ദനനും. വാര്‍ത്തകള്‍ കേരളകൌമുദിയില്‍ പ്രസിദ്ധീകരിച്ചത് രാജേഷ് ടി.സി ആയിരുന്നു. 2007 ഡിസംബര്‍ 16 ന് Old Hands at Blogging എന്ന Times of India യില്‍ വന്ന വാര്‍ത്ത അന്നത്തെ ബ്ലോഗര്‍മാരില്‍ പ്രായം കൂടിയതായി ഞങ്ങളെ മാത്രമേ മലയാളത്തില്‍ കിട്ടിയുള്ളു എന്നതാവാം കാരണം. 2007 ഡിസംബറില്‍ ഹരീ രചിച്ച ഫോട്ടോഷോപ്പുമായി ബന്ധപ്പെട്ട പുസ്കക പ്രകാശന ചടങ്ങിലും ഞങ്ങള്‍ പങ്കെടുത്തു. എനിക്ക് മുന്നേ അങ്കിള്‍ കൂട്ടം എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ചേര്‍ന്നിരുന്നു. അദ്ദേഹത്തിലൂടെയാണ് കൂട്ടത്തെപ്പറ്റി അറിയുന്നത്.
റബ്ബര്‍ ബോര്‍ഡില്‍നിന്നും 2006-07 വര്‍ഷത്തെ കയറ്റുമതി രേഖകള്‍ ലഭിക്കുന്നതിനുവേണ്ടി വിവരാവകാശനിയമത്തെപ്പറ്റി എന്നെ പഠിപ്പിച്ചതും സഹായിച്ചതും അങ്കിളായിരുന്നു. കേരളപഠനകോണ്‍ഗ്രസില്‍ അവതരിപ്പിക്കുവാനുള്ള പ്രസന്റേഷന്‍ തയ്യാറാക്കി അവതരിപ്പിക്കുന്നതിന് മുന്‍പ് ഗൂഗിള്‍ ഡോക്കിലൂടെ അദ്ദേഹത്തിന് പങ്കുവെച്ചിരുന്നു. മിസ്സിംഗ് എന്നാല്‍ എന്താണ് എന്ന എന്റെ ആംഗലേയം വായിക്കുന്നവര്‍ക്ക് മനസിലാകത്തക്കവിധത്തില്‍ ശരിയാക്കിത്തന്നതും അങ്കിളായിരുന്നു.
സ്വതന്ത്ര സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട് മസ്ക്കറ്റ് ഹോട്ടലില്‍ നടന്ന സെമിനാറിലും അദ്ദേഹം അവതാരകനായിരുന്നു. അതാണ് അമൃത എഞ്ചിനീയറിംഗ് കോളേജിലേയ്ക്ക് എനിക്കും അദ്ദേഹത്തിനും ക്ഷണം ലഭിക്കാന്‍ കാരണം. കാര്‍ട്ടൂണിസ്റ്റ് ടി.കെ സുജിത് , എഫ്.ഇ.സി , അമൃതയിലെ ഫോസ്റ്റര്‍ 09 (ഞാനും അങ്കിളും പങ്കെടുത്തത്) എന്നിവ അങ്കിളിന്റെ പിക്കാസയില്‍ പ്രസിദ്ധീകരിച്ചവയാണ്. എഫ്.ഇ.സി എന്ന ഗൂഗിള്‍ കൂട്ടത്തെ എനിക്ക് പരിചയപ്പെടുത്തിത്തന്നത് അങ്കിളായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞത് അവിടെ നടക്കുന്ന ചര്‍ച്ചകള്‍ മുഴുവനും ആംഗലേയത്തിലാണ് അതിനാല്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവും എന്നായിരുന്നു. തിരുവനന്തപുരത്ത് വരുന്ന ബ്ലോഗര്‍മാര്‍ തങ്ങാന്‍ തെരഞ്ഞടുക്കുന്നത് അങ്കിളിന്റെ വിടായിരുന്നു. കെവിന്‍ പരീക്ഷ എഴുതുവാന്‍ വന്നാലും അപ്പുവും കുടുംബവും തിരുവനന്തപുരത്ത് വന്നാലും അങ്കിളിന്റെ വീട് അവര്‍ക്ക് സ്വന്തം വീടായിരുന്നു. അപ്പുവിന് അങ്കിളിനോടുള്ള ബഹുമാനം കൊണ്ടാവാം യയാതികൂട്ടം എന്ന ഗ്രൂപ്പിനും, യയാതിപുരം എന്ന ബ്ലോഗിനും ചാറ്റിലൂടെ പ്രേരണനല്‍കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തത്. മുതിര്‍ന്നവരെ ബഹുമാനിക്കാത്ത ചുറ്റുപാട് പലപ്പോഴും ബൂലോഗത്തുണ്ടായത് അപ്പുവിനെയും വേദനിപ്പിച്ചുകാണും.
എസ്.എം.സിയുടെ ഫെബ്രുവരി 2008 ലെ മീറ്റ്, തിരുവനന്തപുരത്തുനടന്ന ബ്ലോഗ് അക്കാദമിയുടെ മേയ് 2008 ലെ പത്രസമ്മേളനം , ശില്പശാലയില എന്നിവയിലെ സജീവ സാന്നിധ്യമായിരുന്നു അങ്കിള്‍. പ്രസ്തുത ശില്പശാലയില്‍വെച്ചാണ് അപ്പുവിന്റെ ആദ്യാക്ഷരി എന്ന പുതുമുഖങ്ങള്‍ക്ക് ഉപകാരപ്രദമായ ബ്ലോഗ് അങ്കിളിലൂടെ വെളിച്ചം വീശിയത്. സ്വകാര്യമായി ആരംഭിച്ച പ്രസ്തുതബ്ലോഗ് മറ്റ് ബ്ലോഗേഴ്സിനും ഉപകാരപ്രദമാകും എന്ന തോന്നലാണ് അപ്പുവിനെക്കൊണ്ട് തയ്യാറാക്കിച്ച് അങ്കിള്‍തന്നെ ഉത്ഘാടനവും നിര്‍വ്വഹിച്ചത്. ആലപ്പുഴയില്‍ കെന്നി ജേക്കബിന്റെ കൂട്ടുകാരുടെയും ശ്രമഫലമായി നടന്ന ബ്ലോഗ്ക്യാമ്പില്‍ അങ്കിള്‍ പങ്കെടുക്കാമെന്നേറ്റിരുന്നെങ്കിലും അത്യാവശ്യമായി ഡല്‍ഹിയില്‍ മകളുടെ അടുത്ത് പോകേണ്ടി വന്നതുകാരണം സാധിച്ചില്ല. ഡല്‍ഹിയിലിരുന്നുകൊണ്ട് മരുമകന്റെ പേരില്‍ ലോഗിന്‍ ചെയ്തിട്ടിരുന്ന കമ്പ്യൂട്ടറില്‍ നിന്ന് ഒരു കമെന്റ് രേഖപ്പെടുത്തിയതിന് ബൂലോഗം അദ്ദേഹത്തെ ചില്ലറയ്ക്കൊന്നുമല്ല വിരട്ടിയത്. WTO Cell സിമ്പോസിയത്തില്‍ എന്റെ ക്ഷണം സ്വീകരിച്ച് അങ്കിള്‍ വരികയും ചിത്രങ്ങള്‍ പകര്‍ത്തിത്തരുകയും ചെയ്തു. അവിടെ സന്നിഹിതനായിരുന്ന ഡോ. തോമസ് വര്‍ഗീസ് ഇപ്പോഴും ചന്ദ്രകുമാര്‍ പ്രസ്തുദവേദിയില്‍ വന്നകാര്യം ഓര്‍ക്കുന്നുണ്ട്. 2008 ഒക്ടോബറില്‍ നടന്ന തിരുവനന്തപുരം ബ്ലോഗേഴ്സ് മീറ്റ് ഹോട്ടല്‍ ഇന്ദ്രപുരിയില്‍ നടന്നു. 2009 ജൂലായില്‍ നടന്ന അനേകം പേര്‍ പങ്കെടുത്ത ചെറായി മീറ്റ് അവിസ്മരണീയമായ ഒന്നായിരുന്നു.
കെന്നിയുടെ ശ്രമഫലമായി തിരുവനന്തപുരം ബ്ലോഗര്‍മാരും ട്വീറ്ററന്‍മാരും മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഡോ. ശശിതരുമായി ഹോട്ടല്‍ ഗീതില്‍വെച്ച് നടത്തിയ സംവാദത്തില്‍ ശശി തരൂര്‍ പറഞ്ഞ വാഗ്ദാനങ്ങളുടെ ലിസ്റ്റുമായാണ് അങ്കിള്‍ വന്നത് . അത് അവിടെ അവതരിപ്പിക്കുകയും സ്വന്തം ക്യാമറയില്‍ അവിടെ നടന്ന ചര്‍ച്ച അതേപടി റിക്കോര്‍ഡ് ചെയ്ത് പ്രസിദ്ധീകരിക്കുവാനായി എന്നെ ഏള്‍പ്പിച്ചു. പ്രസ്തുത വേദിയില്‍ ഉത്ഘാടനം ചെയ്ത ഷൌട്ട്ഔട്ട് എന്ന സൈറ്റിന്റെ അണിയറയിലും അങ്കിള്‍ പ്രവര്‍ത്തിച്ചു. അമേരിക്കയിലെ അരിസോണയിലിരുന്ന് ഡോ. ബ്രിജേഷ് നായര്‍ പിക്കാസയില്‍ പ്രസ്തുത പരിപാടിയുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. അവിടെവെച്ചാണ് ഞങ്ങള്‍ ബ്രിജേഷിന്റെ അച്ഛന്‍ ഡോ. അച്ചുതന്‍ നായരെ പരിചയപ്പെടുന്നത്. മന്ത്രിപദം രാജിവെച്ച് തിരുവനന്തപുരത്തെത്തിയപ്പോള്‍ സ്വീകരിക്കാന്‍ ഞങ്ങളും പോയിരുന്നു. 2010 ജൂലൈ 11 ന് നടന്ന ലോകത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായ കൂട്ടത്തിന്റെ കേരളമീറ്റ് വൈലോപ്പിള്ളി സംസ്കൃതിഭവനില്‍ നടക്കുകയുണ്ടായി പ്രസ്തുത മീറ്റില്‍ അങ്കിള്‍, സി.എന്‍.ആര്‍ നായര്‍, വിപിന്‍, ഡോ. ജയന്‍ ദാമോദരന്‍ തുടങ്ങിയവര്‍ തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍നിന്നും പങ്കെടുത്തിരുന്നു.
പ്രമുഖ പത്രപ്രവര്‍ത്തകനായ ശ്രീ കെ. ഗോവിന്ദന്‍കുട്ടിയെ ഇന്റെര്‍നെറ്റില്‍ മലയാളം എഴുതുവാന്‍ സഹായിക്കാനായി അങ്കിള്‍ അദ്ദേഹത്തിന്റെ വിട്ടില്‍ ചെന്നിരുന്ന് പഠിപ്പിച്ചപ്പോള്‍ ചില സംശയ നിവാരണത്തിന് എന്നെ വിളിച്ചത് ഞാനിന്നും ഓര്‍ക്കുന്നു. കെ.ജി.കെയുടെ പുസ്തക പ്രകാശനം ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ ഡോ. ശശി തരൂര്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചതിന് ഞങ്ങളും സാക്ഷികളായി. ഓഡിറ്റ് വിഭാഗത്തെ വെട്ടിച്ച് പൊതുമരാമത്ത് വകുപ്പില്‍ നടന്ന ടെന്ററും റദ്ദാക്കലും അങ്കിള്‍ വിവാരവകാശനിയമം മുഖേന നേടിയെടുത്തത് പ്രസിദ്ധീകരിക്കുവാന്‍ മുഖ്യ മാധ്യമങ്ങള്‍ക്ക് താല്പര്യമില്ലാതെ വന്നപ്പോള്‍ കെ.ജി.കെയുടെ സഹായത്താല്‍ തേജസ് ഓണ്‍ലൈന്‍ ആണ് വെളിച്ചം കാണിച്ചത്. വിവരാവകാശ കമ്മീഷനെ ശാസിക്കുവാനുള്ള ശുപാര്‍ശ തള്ളിക്കളയണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് നടയില്‍ നടന്ന ധര്‍ണയിലും ഞങ്ങള്‍ ഒരുമിച്ചാണ് പങ്കെടുത്തത്. കേരളഫാര്‍മറുടെ ലേഖനങ്ങള്‍ മറ്റുള്ളവര്‍ക്ക് വായിച്ചാല്‍ മനസിലാകില്ല എന്നും അതിനാല്‍ മനസിലാകത്തക്കവണ്ണം തിരുത്തിയാലേ അതുകൊണ്ട് പ്രയോജനമുള്ളൂ എന്നും പലപ്രാവശ്യം എന്നെ അദ്ദേഹം ഉപദേശിച്ചിട്ടുണ്ട്. മനോരമ ദിനപത്രത്തിന്റെ സൈറ്റില്‍ പ്രതിദിന വിലകള്‍ ലഭ്യമാകുന്നതുവരെ അങ്കിളില്‍ നിന്നാണ് ഞാന്‍ ഫോണ്‍ ചെയ്ത് വില ശേഖരിച്ചിരുന്നത്.
എന്നോട് അങ്കിള്‍ പറഞ്ഞിരുന്നത് കുറച്ച് എഴുതുവാനും കൂടുതല്‍ വായിക്കുവാനും ആണ് അദ്ദേഹത്തിന് എന്നും താല്പര്യം എന്നാണ്. കുറച്ചുനാളുകള്‍ക്ക് മുമ്പ് യൂറിനറി ഇന്‍ഫെക്‌ഷന്‍ ബാധിച്ച് വേദനയറിയാതെ പ്രശ്നങ്ങള്‍ വഷളായപ്പോഴും, കാറ്ററാക്ടിന്റെ ഓപ്പറേഷനുവേണ്ടി നേത്രചികിത്സയ്ക്കായി സമീപിച്ചപ്പോള്‍ ഹൃദ്രോഗവിദഗ്ധന്റെ അനുമതി വേണമെന്ന് പറഞ്ഞപ്പോഴും കമ്പ്യൂട്ടറില്‍ ലോഗിന്‍ ചെയ്യാന്‍ കഴിയാതെ പോയ വ്യാകുലത എന്നോട് അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. എന്തായാലും കാറ്ററാക്ടിന്റെ ഓഫ്ഫറേഷന് ശേഷം കാഴ്ച വീണ്ടെടുക്കുകയും നെറ്റില്‍ സജീവമാകാന്‍ കഴിഞ്ഞതില്‍ അദ്ദേഹം സന്തോഷവാനും ആയിരുന്നു. ചെറുമക്കള്‍ ഡല്‍ഹിയില്‍ നിന്ന് നാട്ടില്‍ വന്നാല്‍ തിരികെ പോകുന്നതുവരെ കമ്പ്യൂട്ടര്‍ അവര്‍ക്കായി മാറ്റിവെച്ച് ഒരു സ്നേഹനിധിയായ മുത്തച്ഛന്റെ കടമയും അദ്ദേഹം നിറവേറ്റിയിരുന്നു. ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത വിവരാവകാശത്തിലൂടെ ലഭിച്ച പലരേഖകളും അദ്ദേഹത്തിന്റെ പക്കല്‍ ഉണ്ട് എന്നത് നമുക്ക് വായിക്കാന്‍ കഴിയാതെ പോയതായി മാറി.
2010 ഡിസംബര്‍ 12 ന് നടന്ന ഡോ. പ്രശാന്ത് ആര്‍ കൃഷ്ണയുടെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ അങ്കിള്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഒറ്റയ്ക്ക് പോകുവാനുള്ള ധൈര്യക്കുറവ് അദ്ദേഹം പ്രകടിപ്പിച്ചു. എന്റെ അസൌകര്യം കാരണം പോകാന്‍ കഴിഞ്ഞില്ല. താല്പര്യത്തിന് പ്രധാന കാരണം 1986 ല്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് അങ്കിള്‍ മലയാള അക്ഷരങ്ങള്‍ കമ്പ്യൂട്ടറിലെത്തിച്ച വാര്‍ത്ത മാതൃഭൂമി ദിനപത്രം വായിച്ച് കേള്‍പ്പിച്ചതായുള്ള കമെന്റ് ആയിരുന്നു. അങ്കിളിനെ നെറ്റിലൂടെ തിരിച്ചറിഞ്ഞ പ്രശാന്തിന് അങ്കിളിനോടുള്ള ആദരവ് പ്രകടമായിരുന്നു.
അവസാനമായി ഞാന്‍ അങ്കിളിനെ നേരില്‍ കാണുന്നത് 2010 നവംബര്‍ 15 ന് നടന്ന എന്റെ മകന്റെ വിവാഹ റിസപ്ഷനിലാണ്.
9-01-2011 ല്‍ ഹൃദയാഘാതം മൂലം നിര്യാതനായ ശ്രീ ചന്ദ്രകുമാറിന് ആദരാഞ്ജലികള്‍.